Thursday, August 11, 2011

.പ്രവാസം നല്ല മധുരമല്ലേ....

                   "ഒന്നാം തീയ്യതി റൂം ഒഴിയണം .....നൂറ്റമ്പത് ദിനാറിന് ആളായിട്ടുണ്ട്".ഇത് കേട്ടതും ,അവനൊന്നു  അന്ധാളിച്ചു ,എന്താണ് പറയേണ്ടതെന്ന് അവന് അറിയില്ലായിരുന്നു."നാളെ പറയാം "എങ്ങിനെയോ അവന്‍ പറഞ്ഞൊപ്പിച്ചു .            ഉച്ചയായി കടയില്‍ നിന്ന് ഇറങ്ങി ,നല്ല ചൂടുണ്ട് മെല്ലെ മെല്ലെ റൂമിലേക്ക്‌ നടന്നു നീങ്ങി..ബഹ്റൈനിലെ കെട്ടിടങ്ങള്‍ അവനെ നോക്കി ചിരിക്കുന്നു."പ്രവാസം, നല്ല മധുരമല്ലേ ".....ആ വാക്കുകള്‍ അവന്‍ കേട്ടതായി ഭാവിച്ചില്ല .അവന്റെ മനസ്സില്‍ ആ  റൂം ആയിരുന്നു "എല്ലാം എനിക്ക് നഷ്ടപ്പെടുകയാണല്ലോ "എന്ന ചിന്ത അവനെ ഉച്ച വെയിലിന്റെ ശല്യത്തേക്കാള്‍ ,മനസ്സിനെ ശല്യപ്പെടുത്തി തുടങ്ങി.അവനെല്ലാം ആയിരുന്നു ആ റൂം , അവന്റെ സ്വോര്‍ഗം ആയിരുന്നു അത് , കാരണം പ്രവാസമെന്ന നാലു ചുമരുകള്‍ക്കിടയില്‍ സ്വോയം ഉരുകുമ്പോള്‍ ആ ഉരുകലിന്റെ അവശിഷ്ട്ടമെന്നോണം കവിതകള്‍ ഉരുകി ഒലിച്ചത് ആ റൂമില്‍ നിന്നായിരുന്നു ,അവന്റെ മരുപ്പച്ച മാത്രമായി തീര്‍ന്ന പ്രതീക്ഷകള്‍ കഥകളായ് തീര്‍ന്നതും ആ റൂമില്‍ വെച്ചായിരുന്നു .ആ റൂമായിരിക്കണം അവന്റെ കവിതകള്‍ക്ക് ജീവന്‍ നല്‍കിയത് ,അവന്റെ കഥകളിലെ കഥാ പാത്രങ്ങള്‍ക്ക് ജീവന്‍ കിട്ടിയത് ,"അവന്റെയൊരു കഥയും  കവിതയും " അവഗണനയുടെ കഴുകന്‍മാര്‍ എവിടെ നിന്നോ വിളിച്ചു പറയുന്നതായി അവനു തോന്നി,അതിനിടയില്‍ വീണ്ടും അവന്‍ കേട്ടു "പ്രവാസം  നല്ല മധുരമല്ലേ"   അവന്‍ കേട്ടതായി ഭാവിച്ചില്ല .വീണ്ടും ചൂടിന്റെ കാഠിന്യം ,നടത്തത്തിന്റെ വേഗത " . "ദിനാറുകളുടെ മൂല്യം ,സ്വാര്‍ത്ഥതയുടെ മൂല്യം ,ഒരേ മൂല്യം ,പക്ഷെ മനുഷ്യന്റെ മൂല്യം കുറഞ്ഞു വരുന്നു. ബന്ധങ്ങളില്ല,.സൗഹൃദങ്ങളില്ല ,ഈ മൂല്യത്തിന്റെ ആകെ തുക പ്രവാസം " അവന്റെ ചിന്തകള്‍ ഭൂമിയോടൊപ്പം കറങ്ങി "ആദ്യം കടയുടെ കണക്കു ശരിയാക്ക് എന്നിട്ട് മതീ ...ദിനാറിന്റെ മൂല്യം നോക്കുന്നത് "         ഒറ്റപ്പെടുത്തലുകളുടെ കറുത്ത വണ്ടുകള്‍ മൂളുന്നത് അവന് കേള്‍ക്കാമായിരുന്നു .ഓരോ കാലടി വെക്കുമ്പോഴും അവന്‍ നഷ്ടപ്പെടലുകളുടെ കണെക്കെടുത്തു ആദ്യ കാലടി- ,അമൃതിനേക്കാള്‍ മധുരമുണ്ടായിരുന്ന മാതൃസ്നേഹം, രണ്ടാമത്തെ കാലടി- ആത്മ വിശ്യാസം തരേണ്ട പിതൃസ്നേഹം, മൂന്നാമത്തെ കാലടി-എപ്പോഴോ ആശ്വാസമായിരുന്ന പ്രണയം    . ഇപ്പോഴിതാ മൂല്യങ്ങളുടെ ഏടുകള്‍ ചിതലരിക്കുന്ന പ്രവാസത്തില്‍ തന്റേതായ ലോകം സൃഷ്ടടിച്ച ആ റൂമും . "തന്റെ ഡയറി" അവന്റെ മനസ്സ് വിങ്ങി ,ചിതറികിടക്കുകയാണ് അവന്റെ ഡയറിയും ബാഗും മറ്റു സാധനങ്ങളും ...പ്രവാസത്തിന്റെ സുന്ദരമായ  ഇതളുകള്‍ ...വിങ്ങിപ്പോട്ടി കൊണ്ട് അവന്‍ വാരിയെടുത്തു ,പിന്നിലെക്ക്  തന്നെ നടന്നു നീങ്ങി ,ആ നഷ്ടത്തെയും നെഞ്ചിലോതിക്കി,പിന്നില്‍നിന്ന് പ്രവാസമെന്ന രാക്ഷസന്മാര്‍ ആര്‍ത്തു അട്ടഹസിക്കുന്നുണ്ടായിരുന്നു ".പ്രവാസം നല്ല മധുരമല്ലേ   " ......അവനതു കേട്ടു.....അവന്‍ മാത്രം.

Saturday, August 06, 2011

ഇഫ്താര്‍ സംഗമം

"ഇഫ്താര്‍ സംഗമത്തിന്റെ കാര്യം ആദ്യം പറ "വാച്ച് നോക്കികൊണ്ട്‌ മുസ്തഫ പറഞ്ഞു .കോളേജിലെ കൈകഴുകുന്ന ടാങ്കിന്റെ മുകളില്‍ ഇരുന്നാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് ."പതിനെട്ടാം തീയ്യതി ആയാലോ"വിജീഷ് പറഞ്ഞു .എല്ലാവരും ഒരു നിമിഷം നിശബ്ദമായി "പതിനെട്ടാം തീയ്യതി വേണ്ട അന്ന് എന്റെ അളിയന്റെ വീട്ടില്‍ നോമ്പ് തുറയാ ചിക്കന്‍ ബിരിയാണി..."ഘോരമായ ശബ്ദം, ഉമ്മര്‍ കുട്ടിയുടേത് ആയിരുന്നു ആ ശബ്ദം ,ശബ്ദം പോലെ തന്നെ ശരീരവും ഘോരമായിരുന്നു .അങ്ങിനെ ഉമ്മര്‍ കുട്ടിയുടെ ഭീഷണിക്ക് വഴങ്ങി ഇരുപതാം തീയ്യതിയിലേക്ക് മാറ്റി .ചര്‍ച്ചയുടെ അടുത്ത ഘട്ടത്തിന്റെ മറുപടിയും ഉമ്മര്‍ കുട്ടിയുടേത് ആയിരുന്നു "ചിക്കന്‍ ബിരിയാണി മതി  "എന്ന് പറയുമ്പോള്‍ അവനോടൊപ്പം ഞങ്ങളും ചിരിക്കുകയായിരുന്നു.പിന്നെ ഫണ്ട് പിരിവു ആയിരുന്നു .പെണ്‍കുട്ടികള്‍ക്ക് ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ സമയ പരിമതി ഉള്ളത് കാരണം നിങ്ങളുടെ ഫുഡ്‌ കാലത്ത് കിട്ടും എന്ന മോഹന വാഗ്ദാനം അവരുടെ ഇടയില്‍ നിന്നുള്ള പിരിവു എളുപ്പമാക്കി .അങ്ങിനെ ഇരുപതാം തീയ്യതിയായി  കാലത്ത് തന്നെ കോളേജ് നടുത്തുള്ള നന്ദന്‍ സാറിന്റെ വീട്ടില്‍ ചായക്കുള്ള സാധനങ്ങളും ഫ്രൂട്ട്സും എത്തിച്ചു.ചിക്കന്‍ ബിരിയാണി പാര്‍സല്‍ ആണ് അതിന്റെ ചുമതല നേരെത്തെ തന്നെ ഉമ്മര്‍ കുട്ടി ചോദിച്ചു വാങ്ങിയിരുന്നു.സമയം ആറുമണിയായി അധ്യക്ഷ പ്രസംഗം തുടങ്ങി എന്നെത്തെയും പോലെ രാഷ്ട്രിയത്തെ കുറിച്ചും സാമൂഹിക മാറ്റങ്ങളെ കുറിച്ചും എപ്പോഴും  വാ തോരാതെ സംസാരിച്ചിരുന്ന വിജീഷ് ആയിരുന്നു അധ്യക്ഷന്‍ .അധ്യക്ഷ പ്രസംഗം പൊടി പൊടിക്കുകയാണ്.ഈ സമയം ഞാനും സൈഫുവും നന്ദന്‍ സാറിന്റെ വീട്ടില്‍ ചായ ഉണ്ടാക്കാനുള്ള തന്ത്രപ്പാടില്‍ ആയിരുന്നു .ക്ലാസ്സില്‍ ഇക്കണോമിക്സ് ന്റെ സിദ്ധാന്തങ്ങളെ കുറിച്ച് മാത്രം സംസാരിച്ചിരുന്ന നന്ദന്‍ മാഷ്‌ നോമ്പിനെ കുറിച്ചും നോമ്പിന്റെ സവിശേഷതകളെ കുറിച്ചും സംസാരിക്കുന്നത് കേട്ട്  ഞങ്ങള്‍അന്തം  വിട്ടു നിന്നു .മൂന്നു വര്‍ഷത്തോളമായി ഇസ്ലാമിനെ കുറിച്ച് പഠിക്കുന്നു എന്ന് കേട്ടപ്പോള്‍ ഞങ്ങള്‍ അത്ഭുതം കൊണ്ട് നന്ദന്‍ മാഷിനെ നോക്കി പോയി..ഇസ്ലാമിനെ കുറിച്ച് ഒരു പാട് വാചാലനായി ."അച്ഛാ പാല് "നന്ദന്‍ സാറിന്റെ മകന്‍ ഓടി വന്നു പറഞ്ഞു അവന്‍ കൈവിരല്‍ ചൂണ്ടിയിടത്തെക്ക് ഞങ്ങള്‍ നോക്കി ,ഞങ്ങള്‍ ഞെട്ടി പാല് തിളച്ചു പകുതി മുക്കാലും പുറത്തേക്കു പോയി .നോമ്പ് തുറക്കാന്‍ സമയമായി തുടങ്ങി ,ആകെ അങ്കലാപ്പ് ,"ചെക്കന്‍മാര്  കണ്ടാല്‍ .."ഞാനും സൈഫും മുഖത്തോട് മുഖം നോക്കി ,എന്ത് ചെയ്യണമെന്നു അറിയാതെ ,അവസാനം നന്ദന്‍ സാറ് കപ്പില്‍ കുറെ പച്ചവെള്ളം എടുത്തു ചായ പാത്രത്തിലേക്ക് ഒഴിച്ചു പാലിന് പകരം പച്ചവെള്ളം ,എന്തോ ഭാഗ്യം കൊണ്ട് പാല്ചായയുടെ കളര്‍ തന്നെ .അതും കൊണ്ട് പ്രോഗ്രാം നടക്കുന്ന സ്ഥലത്തേക്ക് ഞാനും സൈഫുവും നന്ദന്‍ സാറും . "ചായ സുഖമില്ല" ആരോ പറയുന്നത് കേട്ടു ഞങ്ങള്‍ കേള്‍ക്കാത്ത പോലെ ചായ വിതരണം പുരോഗമിച്ചു കൊണ്ടിരുന്നു ,.ഒപ്പം ബിരിയാണിയും. എല്ലാവരും കൈകഴുകുന്ന തിരക്കില്‍ ,"ബിരിയാണി കലക്കി മോനെ "വീണ്ടും ഉമ്മര്‍ കുട്ടി യുടെ ഘോരമായ ശബ്ദം ,പെട്ടന്നാണ് അവന്‍ പോക്കെറ്റില്‍ തപ്പിയത് ബൈക്കിന്റെ കീ കാണുന്നില്ല വീണ്ടും അങ്കലാപ്പ് ....എന്ത് ചെയ്യും കഴിക്കുന്നതിന്റെ അടുത്താണ് കീ വെച്ചിരുന്നത് .വെസ്റ്റുകളെല്ലാം ഓരോ കവറിലാക്കി അപ്പുറത്തും ഇപ്പറത്തും ആയി ഇരിക്കുന്നു ,ഓരോ കവറിലെയും ഇറച്ചി കഷണങ്ങള്‍ അവന്‍ എടുക്കുമ്പോഴും അവനെ കളിയാക്കി പറയുന്നത് കേള്‍ക്കാമായിരുന്നു  "ചിക്കന്‍ ബിരിയാണി മതി".നോമ്പ് കാലമായാല്‍ ഇപ്പോഴും ഓര്‍ക്കും ഞാന്‍ ആ ഇഫ്താര്‍ സംഗമം ,നന്ദന്‍ സാറിനെയും കാരണം അന്ന് ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പഠിച്ചിരുന്ന നന്ദന്‍ സാര്‍ ,ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ച നന്തന്‍ സര്‍ ഇന്ന് ജീവിതത്തിലും അത് പടര്‍ത്തി എന്ന് ആരോ വിളിച്ചു പറഞ്ഞപ്പോള്‍ ഞങ്ങള്‍ വീണ്ടും അത്ഭുതപ്പെട്ടു പോയ്‌ .നന്തന്‍ സാറിനു അത്രയേറെ സ്വാധിനിച്ചിരിക്കാം ഇസ്ലാം വിശ്വാസം. .പ്രവാസത്തിന്റെ തീക്ഷണതയില്‍ എപ്പോഴോ, സംസാരിക്കുന്നതിനിടയില്‍  ഞങ്ങള്‍ ഇപ്പോഴും സംസാരിക്കാറുണ്ട് ആ ഇഫ്താര്‍ സംഗമത്തെ കുറിച്ച് .ഈ നോമ്പിനും ഉമ്മര്‍ കുട്ടി ബിരിയാണി തന്നെ മതി എന്ന്  സൌദിയിലെ അവന്റെ റൂമിലെ കൂട്ടുകാരോട് പറയുന്നു എന്നറിഞ്ഞപ്പോള്‍ ചിരി അടക്കാനായില്ല ,ഒപ്പം കുന്നോളം സങ്കടവും ഇനി ഞങ്ങളെ തേടി ആ നല്ല കാലം വരില്ലല്ലോ ,ആ കോളേജിന്റെ കൈകഴുകുന്ന ടാങ്കില്‍ ഇരുന്നു വേറൊരു ഉമ്മര്‍ കുട്ടിയും വിജീഷും മുസ്തഫയും  സൈഫുവും മൊക്കെ ചര്‍ച്ച ചെയ്യുന്നുണ്ടാകണം ഇഫ്താര്‍ സംഗമം എന്ന് നടത്തണം എന്ന് .