Tuesday, October 16, 2012

മയില്‍‌പീലി തേടിയുള്ള യാത്ര

അമ്മു.........
"എന്താ മയില്‍പീലി"
അമ്മുന് ചിറകുകള്‍ കിട്ടിയാല്‍ എങ്ങോട്ടാ ആദ്യം പറക്കാ..
"ഞാന്‍ മേഘങ്ങള്‍ക്കിടയിലൂടെ പറന്നു പറന്ന് ദൂരെയുള്ള നക്ഷത്രങ്ങളെ കുറെ നേരം നോക്കിയിരിക്കും എന്നിട്ട്  ഒരു കുഞ്ഞു നക്ഷത്രത്തെ തൊട്ട് തിരിച്ചു പോരും"
അമ്മു.........
"എന്താ മയില്‍പീലി"

ആ കുഞ്ഞു നക്ഷത്രത്തിനടുത്ത് എന്‍റെ അമ്മ നക്ഷത്രം ഉണ്ട് ട്ടോ .പോരുമ്പോ വിശേഷങ്ങള്‍ ചോദിച്ചറിയണം"
"ഉം.....ചോദിക്കാം" .
അമ്മു............
"എന്താ മയില്‍‌പീലി"
പ്രവാസത്തിന്‍റെ തീക്ഷണത കൊണ്ടല്ലേ പണ്ട് കിലുങ്ങിയ കൊലുസ്സിന്‍ ശബ്ദം
നിശബ്ദമായ് എന്നരികിലേക്ക് വീണ്ടും ഓടിയെത്തിയത് "
"എനിക്കറിയില്ല മയില്‍പീലി" 
അമ്മു  പോയോ ..?  ചുറ്റും  ഒരു കനത്തമൂളല്‍  കണ്ണുകള്‍ മെല്ലെ  തുറന്നപ്പോഴാണ്   മനസ്സിലായത്  ഞാന്‍ വിമാനത്തിനുള്ളിലാണ്  . വിമാനത്തിന്‍റെ  ചെറിയ ജനല്‍പാളിയിലൂടെ പുറത്തേക്ക് നോക്കി . രണ്ടു വര്‍ഷത്തെ പ്രവാസത്തിന്‍റെ ഇടവേളയില്‍ കിട്ടിയ അവധിയുടെ സന്തോഷത്തോടൊപ്പം  സായാഹ്നത്തിലെ സുന്ദരിയായ മേഘങ്ങളെ കണ്ടപ്പോള്‍  പ്രകടിപ്പിക്കാന്‍ പറ്റാത്ത മനസ്സിന്‍റെ വികാരം  മുഖത്തിന്‍റെ പേശികളിലേക്ക്  അരിച്ചു വരാന്‍ തുടങ്ങി . സൂര്യ രശ്മിയാല്‍ തിളങ്ങി നില്‍ക്കുന്ന മേഘങ്ങളെ നോക്കി  ഞാന്‍ ചിന്തിച്ചു . മാലാഖ കൂട്ടം പോലെയുള്ള ഈ മേഘങ്ങള്‍ക്കിടയിലേക്കാണല്ലോ അമ്മുവിന്  പറന്നുവരാന്‍ ഇഷ്ടം .ഒരു പക്ഷെ  ഈ  മേഘങ്ങള്‍ക്കിടയില്‍  നിന്ന്  അമ്മുവിനെ തിരിച്ചറിയാന്‍ കഴിയുമോ  . മനസ്സ് വീണ്ടും  മന്ത്രിച്ചു "കഴിയും"  അത് കൊണ്ടാണല്ലോ പണ്ട്  കിലുങ്ങിയ  കൊലുസ്സിന്‍  ശബ്ദം  നിശബ്ദമായ്  എന്നരികിലേക്ക്  ഓടിയെത്തിയത്  , അത് കൊണ്ടാണല്ലോ  ഈയാത്രയെ  "മയില്‍‌പീലി  തേടിയുള്ള യാത്ര " എന്ന്  വിളിക്കാന്‍  ഇഷ്ടപ്പെടുന്നത് . കണ്ണുകളില്‍  ക്ഷീണം പടരുന്നു  ജീവിതത്തിലാദ്യമായ്  ആകാശത്ത്  വെച്ച്  നോമ്പ്  തുറന്നത്  പ്രവാസത്തിന്‍റെ  തീക്ഷണതയായി  കണ്ടില്ല  കാരണം  മയില്‍‌പീലി  തേടിയുള്ള  യാത്രയാണിത് , നിറമുള്ളസ്വപ്നങ്ങള്‍  നെയ്തുകൂട്ടുന്ന  യാത്രയാണിത്‌ . ചിന്തിച്ചു കഴിഞ്ഞില്ലാ  കണ്ണുകള്‍  സ്വപ്നാടനത്തിലേക്ക് .   
 കാര്‍മേഘം പെയ്തൊഴിഞ്ഞപ്പോള്‍
ഒരു കടലോളം ദൂരെ മുല്ലപ്പൂ വിരിഞ്ഞു
പ്രതീക്ഷയുടെ പച്ചപ്പ്‌ പടര്‍ന്ന ഇലകളില്‍
സ്വാന്തനത്തിന്‍റെ സുഗന്ധമുള്ള ഒരു കുഞ്ഞുമുല്ലപ്പൂ ..
സ്നേഹത്തിന്‍റെ മണമുള്ള ഒരു കുഞ്ഞു മുല്ലപ്പൂ .
ഇടവേളകളില്‍ പെയ്യുന്ന മഴയില്‍
ഇതളുകള്‍ അടര്‍ന്നില്ലെങ്കില്‍
ഈ കടല്‍ കടന്നു വരുന്ന പുലരിയില്‍ .എന്‍റെ ഹൃദയം നിന്നോട് മന്ത്രിക്കും
"ഈ മുല്ലപ്പൂ എന്‍റെ കവിതയ്ക്ക് വേണ്ടി വിരിഞ്ഞതാണ് എന്ന് "
ഈ മുല്ലപ്പൂ എനിക്ക് വേണ്ടി വിരിഞ്ഞതാണ് എന്ന് ". 


  
പ്രഭാത കിരണങ്ങള്‍ മെല്ലെയെന്നെ വിളിച്ചുണര്‍ത്തി .ജനലഴി പിടിച്ച് മെല്ലെ പ്രകൃതിയെ നോക്കി
എന്തു സുന്ദരിയാണവള്‍ മഴമേഘങ്ങള്‍ പിണങ്ങിയിരിക്കുമ്പോള്‍
പ്രകൃതിയെ പ്രണയിക്കാന്‍ തോന്നും "എന്തിനീപിണക്കം" ഞാന്‍ ചോദിച്ചു തീര്‍ന്നില്ലാ അപ്പോഴേക്കും   ഇലകളെ തലോടി കൊണ്ട് മഴതുള്ളികള്‍ എന്നോട് പുഞ്ചിരിച്ചു, മഴവില്ല് വര്‍ണ്ണങ്ങള്‍ വിടര്‍ത്തി, മയിലുകള്‍ പീലിനിവര്‍ത്തി നൃത്തംവെച്ചു .ഇന്ന് തന്നെ പോകണം മൈലാഞ്ചി  കാട്ടിലേക്ക് .അവിടെയാണ്   എന്തോ പറയുവാന്‍ കണ്ണുകള്‍ തുറന്ന നിമിഷം ദൂരേക്ക് പറന്നുപോയ വാനമ്പാടിക്ക് സമ്മാനിച്ച മയില്‍പീലിയുള്ളത് .ഒരിക്കല്‍ അമ്മു ചോദിച്ചു "  ഒരാളോട് ഒരിക്കല്‍ മാത്രം തോന്നുന്നതല്ലേ പ്രണയം പിന്നെയുള്ളതെല്ലാം ആ പ്രണയം മറ്റുള്ളവരില്‍ കാണാന്‍ ശ്രമിക്കുന്നതല്ലേ " നിറങ്ങള്‍  മാഞ്ഞുപോയ ഒരു കുഞ്ഞു മയില്‍പീലി കയ്യിലെടുത്ത് ഞാന്‍ പറഞ്ഞു  ശെരിയായിരിക്കാം  എങ്കിലും  ഞാന്‍ ഇപ്പോള്‍ ഇഷ്ട്ടപ്പെടുന്നത്  ആ ഓര്‍മ്മകളെ മാത്രമാണ് . ഉണങ്ങിയ മൈലാഞ്ചി ക്കിടയിലൂടെ കുന്നിന്‍ മുകളിലേക്ക് കേറുമ്പോള്‍ എനിക്കറിയാമായിരുന്നു മഴതുള്ളികള്‍ ശരീരത്തെയും മനസ്സിനെയും നനക്കുമെന്ന്  അന്നുമുണ്ടായിരുന്നല്ലോ മഴത്തുള്ളികള്‍ . പച്ചമഴത്തുള്ളികളണോ പെയ്തിറങ്ങിയത്‌ എന്ന് സംശയത്തക്ക രീതിയില്‍ ആയിരുന്നു പച്ചപുല്ലുകള്‍ ഈറനണിഞ്ഞു നിന്നിരുന്നത് .എന്‍റെ കണ്ണുകള്‍ തിരയുകയാണ് കൊഴിഞ്ഞുപോയ  ഒരു മയില്‍പീലിക്കു വേണ്ടി .കാണുന്നില്ല ,പ്രതീക്ഷ കള്‍ക്ക് മങ്ങലേല്‍ക്കുന്നുവോ  "ഇല്ല ഞാന്‍ തളരില്ല  തളരാന്‍ എനിക്കാവില്ല" .ഒരു നിമിഷം കരിവളകള്‍ നിശബ്ദ മായോ ,കരിമഷിയെഴുതിയ കണ്ണുകള്‍ നിറഞ്ഞോ  , കണ്ണുകളില്‍ പ്രകാശം,കാറ്റ് മുടിയിഴകളെ തലോടി,അങ്ങ് ദൂരെ അമ്മ നക്ഷത്രം പുഞ്ചിരിച്ചു    മഴ നനഞ്ഞ പുല്ലുകള്‍ക്കിടയില്‍ നനഞ്ഞു കുതിര്‍ന്ന ഒരു കുഞ്ഞു മയില്‍പീലി .അത്  കൈകള്‍ കൊണ്ട് നെഞ്ചോടു ചേര്‍ത്ത് പിടിച്ച് താഴോട്ടിറങ്ങുമ്പോള്‍ ഒന്നേ ചിന്തിച്ചുള്ളൂ  അമ്മുവിന്‍റെ കൈകളില്‍ ഈ മയില്‍‌പീലി എത്തുമ്പോഴേക്കും  ആ കരിവള കിലുക്കം നിശബ്ധമാകരുതെ എന്ന് . 
                                                                           രാത്രിയുടെ  സൗന്ദര്യം എന്നില്‍ ലയിച്ചു തുടങ്ങി  ആ കുഞ്ഞു മയില്‍പീലി ഡയറിത്താളിനുള്ളില്‍ ഉറങ്ങുകയാണ് .ജനലഴികളില്‍ പിടിച്ച്  രാത്രിയെന്ന കറുത്ത സുന്ദരിയെ നോക്കി ഞാന്‍ പതിയെ പറഞ്ഞു."ചീവീടിന്‍റെ സംഗീതത്തില്‍ നീ നൃത്തമാടുമ്പോള്‍ തിളങ്ങുന്ന നക്ഷത്രങ്ങള്‍ക്കൊപ്പം നീ പുഞ്ചിരിക്കുമ്പോള്‍,വാഴയിലകള്‍ കൊണ്ട് നീ മുഖം മറക്കുമ്പോള്‍,അടക്കാത്ത മിഴികളാല്‍ നിന്നെ നോക്കിയിരിക്കുമ്പോള്‍ എന്തു ഭംഗിയാണെന്നോ നിന്നെ കാണാന്‍. നിന്നെ പ്രണയിച്ചു കൊണ്ട് വീണ്ടും അക്ഷരങ്ങള്‍ കുറിച്ച് തുടങ്ങട്ടെ . പ്രവാസത്തിന്‍റെ തീക്ഷണയില്ലാതെ.വേര്‍പാടിന്‍റെ വേദനയില്ലാതെ. മയില്‍‌പീലി തേടിയുള്ള യാത്ര" ഞാന്‍ തുടങ്ങുന്നു.ആകാശം കാണാതെ എടുത്തുവെച്ച ഈ മയില്‍പീലിയില്‍  അക്ഷരങ്ങള്‍ കുറിക്കുകയാണ് നിന്നെ സാക്ഷിയാക്കി .പ്രാര്‍ത്ഥിക്കുക 
ഇന്ന് ഒക്ടോബര്‍ 16 
  പണ്ട് കാതുകളില്‍ പതിഞ്ഞ പാദസ്വരത്തിന്‍ ശബ്ദം
നിശബ്ധമായ്‌ അരികില്‍ എത്തുമെന്ന് അറിഞ്ഞിരുന്നില്ല.
പണ്ട് അടര്‍ന്നു വീണ പൂമരത്തിന്‍ ഇതളുകള്‍
സൂക്ഷിച്ച് സമ്മാനമായ്‌ തരുമെന്നും അറിഞ്ഞിരുന്നില്ല.
മഴവില്‍ ,വര്‍ണ്ണങ്ങളാല്‍ തെളിയുമ്പോള്‍....
പുഞ്ചിരിയാല്‍ നീ തന്ന ഡയറികുറിപ്പിലെ
ഈ മയില്‍പീലിയുണ്ടല്ലോ...
മാനം കാണാതെ , മഴവില്ല് കാണാതെ ഞാന്‍ സൂക്ഷിക്കും.
നിന്‍റെ കവിതകള്‍ എന്‍റെ ചിന്തയിലേക്കു പകരുകയാണെങ്കില്‍.
ഒരു പക്ഷെ ഈ മയില്‍പീലിയിലെ നിറങ്ങള്‍ മാഞ്ഞുപോകില്ല
.