Saturday, June 30, 2012

പ്രതീക്ഷയുടെ മഴവില്ല്

"എന്‍റെ ഗ്രാമം " ഓരോ പ്രവാസിയുടെയും ഹൃദയങ്ങളില്‍ അലയടിക്കുന്ന ഒരേ ഒരു ശബ്ദം , ജീവിതത്തിന്‍റെ  തീക്ഷണതയില്‍ എരിഞ്ഞു തീരുന്ന പ്രവാസിക്ക് തന്‍റെ ചുടു നിശ്വാസത്തോടൊപ്പം പങ്കുവെക്കാന്‍  ഗ്രാമത്തിന്‍റെ ഓര്‍മ്മകള്‍ ,ആ ഓര്‍മ്മകളുടെ നിര്‍വൃതിയില്‍ അലിഞ്ഞ് ഒരിക്കല്‍ ആ ഗ്രാമത്തിന്‍റെ മണ്ണില്‍ ചവിട്ടാം എന്ന പ്രതീക്ഷ പുലര്‍ത്തിക്കൊണ്ട്‌ മുന്നോട്ടു പോകുന്ന പ്രവാസിക്ക് നിദ്രയുടെ ആഴങ്ങളിലേക്ക് പോകാന്‍ കണ്ണുകള്‍ മെല്ലെയടക്കുമ്പോള്‍  ഒരു മഴവില്ലുപോലെ തെളിയുന്നു ഗ്രാമത്തിന്‍റെ ചിത്രം .ആ പ്രതീക്ഷയുടെ മഴവില്ല് തന്നെയാണ് അവരുടെ മാനസിക ശക്തിയും . 
എന്‍റെ ഗ്രാമത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയണോ  ഈ കുഞ്ഞു മയില്‍പീലിയിലെ  അക്ഷരങ്ങള്‍ കാണിച്ചു തരും എന്‍റെ ഗ്രാമത്തെ . ഈ അക്ഷരങ്ങള്‍ തുറന്നു കാണിക്കും ഗ്രാമത്തിന്‍റെ സ്പന്ദനം .  
                                           പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത്  പെരിങ്ങോട് എന്ന ഗ്രാമത്തിലാണ് 
ജനിച്ചതും വളര്‍ന്നതും. പച്ചപരവതാനി വിരിച്ച നെല്‍വയലുകളും ,ആകാശംമുട്ടി നില്‍ക്കുന്ന കുന്നുകളും ,പാട്ടിന്‍റെ ഈണത്താല്‍ ഒഴുകുന്ന തോടുകളും ,കണ്ണെത്താദൂരത്ത്‌  ചുവന്ന പൊട്ടിന്‍റെ സൗന്ദര്യം കാണിച്ചുതരുന്ന ഉയരമുള്ള പാറക്കൂട്ടങ്ങളും, തിങ്ങിനിറഞ്ഞ തെങ്ങുകളും കൊണ്ട്   മനോഹരമായ ഒരു ഗ്രാമം .ആദ്യം എന്‍റെ  വിദ്യാലയത്തെ കുറിച്ച് പറയാം ,പെരിങ്ങോട് സ്കൂള്‍ എന്റെ വീടിന്റെ അടുത്ത് തന്നെയാണ് അത് കൊണ്ട്  ഒരു ഹൃദയബന്ധം  സ്കൂളിനോട് എനിക്കുണ്ട് . ഞാന്‍ ആദ്യാക്ഷരം പഠിച്ച സ്കൂള്‍ , അറിവിന്‍റെ മാലാഖമാര്‍ അക്ഷരങ്ങള്‍ പകര്‍ന്നു തന്ന സ്കൂള്‍ ,  അറിവിന്‍റെമുത്തശ്ശിയുടെ  നൂറാംവാര്‍ഷികം ആഘോഷിച്ചു കൊണ്ടിരിക്കുന്നു ഇപ്പോള്‍ .നൂറിന്‍റെ  നിറവില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന വിദ്യാലയത്തിന്  ഒരായിരം ആശംസകള്‍ നേരുന്നു .ഈ   സ്കൂള്‍ മുറ്റത്ത്‌ എന്‍റെ കാല്പാടുകള്‍ ഇപ്പോഴും ഉണ്ടാകുമോ. എന്‍റെകയ്യില്‍നിന്ന് ഉതിര്‍ന്നുവീണ ആ പെന്‍സില്‍ ഇപ്പോഴുമവിടെ  കിടക്കുന്നുണ്ടാകുമോ ,കൈ വിരലുകളില്‍ കറക്കിയിരുന്ന ചക്രമിഠായിയും കടലാസ്സ്‌ പമ്പരവും വായിലിട്ട് എപ്പോഴും നുണയുന്ന ഓറഞ്ചു മിഠായിയും ഈണത്തില്‍ ചൊല്ലിതന്നിരുന്ന കവിതകളും  
ഇപ്പോഴും ഉണ്ടാകുമോ .ജൂണ്‍മഴയത്ത് നനഞ്ഞ തലയുമായ് വരാന്തയില്‍ കയറിയപ്പോള്‍ ടവ്വല്‍ തന്ന കൂട്ടുകാരി ഇപ്പോഴും ഉണ്ടാകുമോ .ഒരിക്കല്‍ കൂടി ആ ബാല്യകാലത്തിലേക്കു പോകാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍  
                                       ഈ കാണുന്ന ചുവന്ന മണ്ണുകള്‍ക്കുമുണ്ട്‌ ഒരുപാട് പറയാന്‍ ,ഈ ചുവന്ന മണ്ണിനോട് ചോദിച്ചാലറിയാം ഞാന്‍ ആരാണെന്ന് .പ്രതീക്ഷകള്‍ മാറോടണച്ചു  കൊണ്ട് നടന്നു നീങ്ങിയ ചുവന്നമണ്ണ്. നഷ്ടപ്പെടലുകള്‍ തളര്‍ത്തുമ്പോഴെല്ലാം എല്ലാം ശെരിയാകുമെന്ന് പറഞ്ഞ് ആശ്വ സിപ്പിച്ച ചുവന്ന മണ്ണ് . സങ്കടങ്ങളുടെ തീവ്രതയില്‍  കണ്ണുനീരിന്‍റെ ഉപ്പുരസം അലിഞ്ഞ ചുവന്ന മണ്ണ് .സൗഹൃദത്തിന്‍റെ ഊഷ്മളതയില്‍ തോളോട് തോള്‍ ചേര്‍ന്ന് നടന്നു നീങ്ങിയ ചുവന്ന മണ്ണ് .സ്കൂളിന്‍റെ ചുമരുകളോട് ഇപ്പോഴും ചോദിച്ചാല്‍ അറിയാം മനസ്സിലെ സങ്കടങ്ങള്‍ അകറ്റാന്‍ ഉറക്കെ പാടിയ വരികള്‍ ഈ ചുവന്ന മണ്ണിനെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു ഒരു പക്ഷെ എന്‍റെ ജീവനേക്കാള്‍ . 
                                            ഈ പാലത്തെ കുറിച്ചും ഞാന്‍ പറഞ്ഞോട്ടെ ഇടതൂര്‍ന്ന കഴുങ്ങിന്‍ തോട്ടത്തിനിടയിലൂടെ ഈ പാലം കാണാന്‍ എന്ത് ഭംഗിയാണെന്നോ ഈ പാലത്തിനടിയിലൂടെ ഉറക്കെ ശബ്ദമുണ്ടാക്കി  ശക്തിയോടെ ഒഴുകുന്ന തോട് ,ആ ഒഴുക്കില്‍ വെള്ളത്തുള്ളികള്‍ പാറയിലേക്ക്‌ വന്നു വീഴുന്നത് ,മീന്‍ കൂട്ടങ്ങള്‍ ഒളിച്ചു കളിക്കുന്നത്, കൈതമുള്ളിന്‍റെ അപ്പുറത്ത് അലക്കുന്നതിന്‍റെ ഒച്ചകള്‍, പാടത്തെ വണ്ടുകള്‍ ഇടക്ക് വന്നിറങ്ങുന്നകൊറ്റികള്‍, മുകളിലേക്ക് നോക്കുമ്പോള്‍ ആരെയോകാണാതിരിക്കാന്‍  വേണ്ടി നീലമേഘങ്ങളാല്‍ പടുത്തുയര്‍ത്തിയ ആകാശം ,ഞണ്ടുകളുടെ കുസൃതികള്‍ഇതെല്ലാംമനോഹരമാക്കുന്നു എന്‍റെ ഗ്രാമത്തെ . ഈ പാലത്തെ കുറിച്ച് ബഹറിനിലെ റേഡിയോ വോയിസ്‌ല്‍ അവതരിപ്പിച്ച ഓര്‍മ്മകുറിപ്പ് കേള്‍ക്കണോ ഇവിടെ ഉണ്ട് ട്ടോ
                                                       നാട് വാഴികളുടെ പ്രതാപം വിളിച്ചോതുന്ന പൂമുള്ളി മന ,ആപഴയ പ്രതാപത്തോടെ തന്നെ ജ്വലിച്ച് നില്‍ക്കുന്നു .അറിവിന്‍റെ തമ്പുരാന്‍ എന്നറിയപ്പെടുന്ന ആറാം തമ്പുരാന്‍ തിരികൊളുത്തിയ ആയുര്‍വേദ ചികിത്സ ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന ആയുര്‍വേദ ചികിത്സാലയം ആയി മാറിയത് ഞങള്‍ പെരിങ്ങോടെന്‍മാര്‍ക്ക് അഭിമാനിക്കാന്‍ വകയുള്ളതാണ് കൂടാതെ ക്ഷേത്രങ്ങളും പള്ളികളും ചര്‍ച്ചുകളും ഗ്രാമത്തിന്‍റെ ആത്മീയഭാവത്തെ മികവുള്ള താക്കുന്നു .മതസൗഹാര്‍ദ്ദം ഊട്ടിഉറപ്പിക്കുന്നതില്‍ എല്ലാവരും വഹിക്കുന്ന പങ്ക് സന്തോഷം  
തരുന്നതാണ് .കൂടാതെ താളങ്ങളുടെ ഗ്രാമമാണ് പെരിങ്ങോട് പഞ്ചവാദ്യത്തിന് പേരുകേട്ട ഗ്രാമം .കലകളെ സ്നേഹിക്കുന്ന,കലകളെ വളര്‍ത്തുന്ന നിരവധി ചെറുപ്പക്കാര്‍ ഓടി നടക്കുന്നത് പെരിങ്ങോടെന്ന കുഞ്ഞു ഗ്രാമത്തിന്‍റെ സവിശേഷതയാണ് .കലയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ തന്നെയുണ്ട്‌ നാടകവും ,ഷോര്‍ട്ട് ഫിലീമുകളും ,ക്ലബ്‌ പ്രവര്‍ത്തനവും കൊണ്ട് എപ്പോഴും ഉത്സവാന്തരീക്ഷമാണ് എന്‍റെ ഗ്രാമത്തില്‍ .ചിത്രകലയില്‍ നൈപുണ്യം നേടിയവര്‍,കഥകളിയില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ അങ്ങിനെ ഒത്തിരി കലാകാരന്മാര്‍ ഉണ്ട് ഞങളുടെ ഗ്രാമത്തില്‍ . ഇനിയും ഒരുപാട്  എഴുതാന്‍ ഉണ്ട് എങ്കിലും കൂടുതല്‍ എഴുതി ബോറടിപ്പിക്കുന്നില്ല :). ഒരു പക്ഷെ ഈ അക്ഷരങ്ങള്‍ മതിയാകില്ല .
                                                നോക്കൂ ഈ ആനയെ കണ്ടില്ലേ നിശ്ചലനായി നില്‍ക്കുന്ന ഈ ആനയെ കണ്ടാല്‍ തോന്നും ഇത് ജീവനുള്ള ആനയാണ് എന്ന് .ഈ ആനയെ കുറിച്ച് ഒരിക്കല്‍ ഞാന്‍ എഴുതിയിട്ടുണ്ട് അത് ഇവിടെ ഉണ്ട് കേട്ടോ. ചെറുപ്പത്തില്‍ ഉമ്മയോടൊപ്പം സ്കൂളിന് മുന്നിലൂടെ പോകുമ്പോള്‍ ഞാന്‍ ചോദിക്കുമായിരുന്നു "അയ്നു ജീവനുണ്ടോ ഉമ്മാ"അപ്പൊ ഉമ്മ പറയുന്നത് കേള്‍ക്കാം "അതിനു ജീവനുണ്ടല്ലോ പെരിങ്ങോട്ടുകാരുടെ സ്വന്തം ആനയാ അത് " അതെ പെരിങ്ങോട്ടുകാരുടെ സ്വന്തം ആന,പെരിങ്ങോടെന്‍മാരുടെ സന്തോഷവും സങ്കടവും എല്ലാം കണ്ട് നിശ്ചലനായ്‌ തലയെടുപ്പോട് കൂടി നില്‍ക്കുന്ന പെരിങ്ങോട്ടുകാരുടെ സ്വന്തം ആന .നിങ്ങള്‍ക്കും തോന്നുന്നുണ്ടോ എന്‍റെ ഗ്രാമം കാണാന്‍ സ്വാഗതം കേട്ടോ എന്‍റെ ഗ്രാമത്തിലേക്ക് . 
                                               പ്രവാസത്തിന്‍റെ മാസ്മരികതയില്‍ ദിവസങ്ങള്‍ ഓരോന്നായി അടര്‍ന്നു വീഴുമ്പോഴും പ്രതീക്ഷയുടെ പൊന്‍വെളിച്ചം മെല്ലെ തെളിയുകയായിരുന്നു. ജനിച്ചമണ്ണിന്‍റെ സുഗന്ധത്തില്‍ നിര്‍വൃതി അണയാന്‍ മനസ്സ് തുടിച്ചു കൊണ്ടിരുന്നു. സ്വപ്നങ്ങളില്‍ ഹരിതകം പുഞ്ചിരി തൂകി നിന്നു,ഒരു കാമുകിയെ പോലെ ആ പുലരിയെ പ്രണയിച്ചു കൊണ്ടിരുന്നു ,ഇപ്പോള്‍ ആ പുലരി അടുത്തെത്താറായിട്ടും ദിവസങ്ങള്‍ ഇഴഞ്ഞിഴഞ്ഞ് എന്നോട് പരിഭവം കാണിക്കുന്നു ,എങ്കിലും ഞാന്‍ കാത്തിരിക്കുന്നു ആ പുലരിക്കുവേണ്ടി .ഒരു ദേശാടനപക്ഷിയെ പ്പോലെ പറന്നുപറന്ന് ദൂരെയുള്ള എന്‍റെയാ  ഗ്രാമത്തില്‍ എത്താന്‍ .