Sunday, June 02, 2013

പവിഴദ്വീപ്‌

                                             

                                                                  
"ഇതൊരു  കഥയല്ല  യാഥാർത്ഥ്യമാണ്‌ . ചിന്തകളുടെ ഭാരവും   അനുഭവങ്ങളുടെ  തീവ്രതയും അക്ഷരങ്ങളോട് പ്രണയിക്കുമ്പോൾ മാത്രമല്ലേ  ആ സൃഷ്ടിയെ കഥ എന്ന് വിളിക്കുന്നത്‌" .ഇത്രയും എഴുതി കഴിഞ്ഞപ്പോഴേക്കും ചിന്തകൾ കൂടുകൂട്ടിയ മനസ്സ് തലവേദനയായ്  പരിണമിച്ചു മെല്ലെ മെല്ലെ അനന്ദു മയക്കത്തിലേക്ക് വീണു .മയക്കത്തിന്റെ ആലസ്യത്തിൽ അനന്ദുന്റെ മനസ്സ് സ്വപ്നങ്ങളുടെ ചിറകിലേറി യാത്രയായി അങ്ങ് ദൂരേക്ക് എഴുകടലും കടന്ന് ദൂരേക്ക്  മാസ്മരികതയുടെ ദളങ്ങളാൽ കൊതിപ്പിക്കുന്ന ഒരു പവിഴ ദ്വീപിലേക്ക് .
                                                  രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഒരു നിധിയും തേടി ബഹ്റൈൻ എന്ന് വിളിക്കുന്ന ഈ പവിഴ ദ്വീപിലേക്ക് താൻ വന്നത് ചുറ്റും സമുദ്രങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ദ്വീപിൽ ജീവിതത്തിന്റെ നല്ല ഇതളുകൾ ഹോമിക്കപ്പെടുമ്പോഴും സ്വപ്നങ്ങൾ നിറച്ച് പ്രതീക്ഷയുടെ തോണിയുമായി തുഴഞ്ഞിട്ടും കൈകൾ തളർന്നതല്ലാതെ കണ്ടില്ല സ്വപ്നങ്ങൾക്ക് പകരം വെക്കാൻ ഒന്നും ചുടുനിശ്വാസം നിറഞ്ഞ മുറിയിൽ നിന്ന്  ഓഫീസിലേക്കും മത്സരത്തിന്റെയും സ്വാർത്ഥതയുടെയും തീവ്രത നിറഞ്ഞ ഓഫീസിൽ നിന്ന് റൂമിലേക്കും  നടന്ന കണക്കെടുത്ത് നോക്കുമ്പോൾ നഷ്ടപ്പെടലിന്റെ ആഴങ്ങളുടെ തൂക്കം കൂടി എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല .ഇനി വയ്യ നീര് വറ്റിയ വേര് പോലെയാകാൻ .പോകാനുള്ള അനുമതി കമ്പനിയിൽ നിന്ന്  വാങ്ങി. പിന്നെയുള്ള ദിവസങ്ങൾ മുഴുവൻ നാടിനെ കുറിച്ചായിരുന്നു ആരോടെന്നില്ലാതെ മനസ്സ് യാത്രപറഞ്ഞു  "ഞാൻ നിധി തേടിയലഞ്ഞു തോറ്റിരിക്കുന്നു, യാത്രയാകുന്നു  കടൽ കടന്ന് അങ്ങ് ദൂരെയുള്ള എന്റെ ഗ്രാമത്തിലേക്ക്  ഗ്രാമത്തിലുള്ള എന്റെ കൂടാരത്തിലേക്ക്  പുഞ്ചിരി തൂകി നില്ക്കുന്ന ഹരിതകം മനസ്സിൽ തെളിയുന്നു കുസൃതികാറ്റ് മരച്ചില്ലകളെ ചുംബിക്കുമ്പോൾ അടർന്നു വീഴുന്ന മഞ്ഞു തുള്ളികളെ ഞാൻ ഇപ്പോഴേ സ്വപ്നം കണ്ടു തുടങ്ങുന്നു". 
                                                                          പോകുന്നതിന്റെ തലേന്ന് വൈകുന്നേരം പാസ്പോർട്ട്‌ വാങ്ങാൻ മാനേജരുടെ മുറിയിൽ വന്നനേരം ഹൃദയം നടുങ്ങി .ഇനി രണ്ടു മാസം കഴിഞ്ഞേ പോകാൻ കഴിയൂ ഓഫീസിൽ ആളില്ല ചെറിയ വിങ്ങലുകൾ പോലും താങ്ങാൻ കഴിയാത്ത മനസ്സ് നൊന്തു സ്വപ്നങ്ങൾ കരിക്കട്ടയായ് മാറി മുഖത്ത് ചായം പൂശുന്നു കണ്ണിൽനിന്നുതിർന്ന ചുടു കണ്ണുനീർ മുഖത്തെ വെളുപ്പിച്ചു പ്രവാസത്തിന്റെ കറുത്ത കൈകൾ വീണ്ടും പുണരുന്നു ജനിച്ച മണ്ണിൽ കാലുകുത്താൻ നനഞ്ഞു കുതിർന്ന പച്ചപ്പിന്റെ സൗന്ദര്യത്തിൽ അലിയാൻ ഞാൻ ദയനീയമായി നോക്കി ഇല്ല കണ്ടില്ല മരുഭൂമിയിൽ മഞ്ഞുരുകുന്നത് കണ്ടില്ല നിറകണ്ണുകളോടെ യാചിച്ചു ഇല്ല കേട്ടില്ലാ ഹൃദയം നിലവിളിച്ചത് ആരും കേട്ടില്ല .വീണ്ടും കാത്തിരിപ്പിലേക്ക് പ്രതീക്ഷയാണ് ജീവിതം എന്ന് മനസ്സിനെ പഠിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു അതിനിടയിൽ ഒരിക്കൽ കൂടി ചെക്കിൽ മോഹങ്ങളുടെ സൈൻ ചെയ്ത്  പ്രലോഭനങ്ങൾ കൊണ്ട്  പ്രവാസത്തിന്റെ രാക്ഷസന്മാർ കളിയാക്കി .പക്യതയില്ലാത്ത മനസ്സ് വീണ്ടും പിടഞ്ഞു ,വീണ്ടും കണ്ണീരിൽ കുതിർന്ന ദിവസങ്ങൾ അവസാനം ഫ്ലൈറ്റിന്റെ സമയത്തിന് രണ്ടു മണിക്കൂർ മുമ്പെ ചങ്ങലകൾ ഊരിയെറിഞ്ഞ് സ്വതന്ത്രനായി പക്ഷെ മനസ്സമാധാനമില്ലാത്ത യാത്രയാണ് എയർപോർട്ടിലേക്ക് അവിടെ നിന്നും പാസ്പോർട്ട്‌ കിട്ടുമെന്ന പ്രതീക്ഷയോടെ .പ്രതീക്ഷ തന്നെയാണ് ജീവിതം എന്ന് പഠിപ്പിച്ച നേരം അവസാനം പാസ്സ്പോർട്ട് കയ്യിൽ കിട്ടിയപ്പോൾ ഹൃദയം ശാന്തമായി  ഒരു പെരുമഴ പെയ്തു തീർന്ന നിശബ്ദത .ആ നിശബ്ദതയാണ് മനസ്സമാധാനം, ഏറ്റവും വലിയ നിധി  താൻ എന്ത്  തേടി വന്നോ അതെനിക്ക് കിട്ടിയിരിക്കുന്നു ."ഹേ ദൈവമേ നീ എത്ര വലിയവൻ". ബഹ്റൈനിയായ മനെജേറെ വിളിച്ച് ഒന്നേ പറഞ്ഞുള്ളൂ  ചുടുകണ്ണുനീരിന്റെ സാക്ഷിയോടെ ,ഉറക്കം നഷ്ടപ്പെട്ട രാത്രികളുടെ  ഭാരത്തോടെ ,പൊട്ടിക്കരഞ്ഞ നിമിഷങ്ങളിൽ കളിയാക്കലിന്റെ ചിരിയുമായ് വന്ന സഹപ്രവർത്തകന്റെ സ്‌നേഹം തിരിച്ചറിഞ്ഞ നിമിഷങ്ങളുടെ ഞെട്ടലോടെ . ഹൃദയം നിലവിളിച്ചപ്പോൾ വാത്സല്യത്താൽ തലോടി പവിഴദ്വീപിലെ എന്റെ  അമ്മനക്ഷത്രം തന്ന കരുത്തോടെ .പ്രാർത്ഥിച്ച നല്ല മനസ്സുകളുടെ നന്മയോടെ "താങ്ക്    യു .........താങ്ക്  യു സൊ  മച്ച്  സർ
                                                   പുറത്ത് മഴ പെയ്തു തീർന്നപ്പോഴേക്കും അനന്ദുവിന്റെ കടലാസ്സിലും അക്ഷരങ്ങൾ പെയ്തു തീർന്നു "കാലം വീണ്ടും ഓർമ്മിപ്പിക്കാൻ വെമ്പൽ കൊള്ളുന്നു ദിവസങ്ങൾ പലതും ഓർമ്മപ്പെടുത്തുന്നു "ഇത്രയുമെഴുതിയിട്ട്  അനന്ദു തന്റെ തൂലിക എടുത്തു വെക്കുമ്പോൾ ഒരിറ്റ് കണ്ണുനീർ കടലാസ്സിൽ വീണ് അക്ഷരങ്ങളാൽ കുതിർന്നു  തൊട്ടപ്പുറത്ത് ഈ കണ്ണുനീർ കണ്ട് പുഛിച്ച്  കളിയാക്കി ചിരിക്കുന്ന രണ്ട് പേർ ഉണ്ടായിരുന്നു ഇന്നലെ പെയ്ത മഴക്കൊപ്പം അനന്ദു വായിച്ചുതീർത്ത ബെന്യാമിൻ എഴുതിയ ആടുജീവിതത്തിലെ  നിധി തേടിപ്പോയി സ്വന്തം ജീവിതം ബലികഴിച്ച ഹക്കീമും ,വർഷങ്ങളോളം  ആടിനെ പോലെ ജീവിച്ച ഇന്നും എവിടെയോ മനുഷ്യനെ പോലെ ജീവിക്കുന്ന നജീബും . 
                                                                                              - ശുഭം -


NB:ഈ കഥ ജയസൂര്യ ഓണ്‍ലൈന്‍ ,നീലക്കുയില്‍ മീഡിയ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പ് ഒരുക്കുന്ന "താങ്ക് യൂ"എന്ന   ബ്ലോഗേർസ് മത്സരത്തിലേക്ക് അയച്ചിട്ടുള്ളതാണ് . മലയാളം ബ്ലോഗേർസ്  ഗ്രൂപ്പ്  സന്ദർശിക്കാൻ :https://www.facebook.com/groups/malayalamblogwriters/
താങ്ക് യൂ  ഫിലീമിനെ കുറിച്ച്  അറിയാൻ  :https://www.facebook.com/ThankYouMMovie)

                                                  
                                                                           .